ആമസോണ്‍ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നു
Wednesday, November 6, 2024 1:22 AM IST
തിരുവനന്തപുരം: പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിച്ച് ഇകോമേഴ്സിലൂടെ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങൾ നടത്തുമെന്ന് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.
ആമസോണ്‍ മാർക്കറ്റ് പ്ലെയിസിൽ രജിസ്റ്റർ ചെയ്ത് ഇകോമേഴ്സിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അർഹരായ സ്റ്റാർട്ടപ്പുകളുമായി ആമസോണ്‍ സഹകരിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. ആമസോണ്‍ മെന്റർഷിപ് വഴിയും വിപണിയിലും ലോജിസ്റ്റിക്കിലുമുള്ള ആമസോണ്‍ പിന്തുണയോടെയും ആഭ്യന്തര വിപണി പ്രയോജനപ്പെടുത്താൻ ഇതു സഹായകമാകും.
ഇതിനു പുറമെ സ്റ്റാർട്ട് ഇന്ത്യയുമായുള്ള സഹകണം ഇകോമേഴ്സിൽ വനിതാ സംരംഭകരെ സഹേലി പ്രോഗ്രാം വഴി ശാക്തീകരിക്കും. അർഹരായ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന ഇടത്തരം, ചെറുകിട സംരംഭങ്ങളെ ഇകോമേഴ്സിൽ മുന്നോട്ടു പോകാൻ സഹായകമായ രീതിയിൽ രൂപകൽപന ചെയ്തതാണ് ഈ സഹകരണം.
ആമസോണ്‍ പേ, ആമസോണ്‍ ഇൻസെന്റീവുകൾ, ആമസോണ്‍ ബിസിനസ്, ആമസോണ്‍ ട്രാൻസ്പോർട്ട്, എഡബ്ല്യുഎസ്, ആമസോണ്‍ അഡ്വെർടൈസിംഗ്, മിനി ടിവി തുടങ്ങിയവ ഇതിന്റെ ഭാഗമായി വനിതാ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കും.
ഫാഷൻ, ഭക്ഷ്യപാനീയങ്ങൾ, വസ്ത്രം, കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, വാഹന വിഭാഗം, കലാ ഫോട്ടോഗ്രാഫി, പെറ്റ്സ് ആനിമൽ, കൃഷി തുടങ്ങിയ വിവിധ രംഗങ്ങളിൽ ഇതു പ്രയോജനകരമാകും.