സ്കോഡ കൈലാക് ഇന്ന് അവതരിപ്പിക്കും
Wednesday, November 6, 2024 1:22 AM IST
മുംബൈ: ആഗോളതലത്തിലും ഇന്ത്യയിലും വലിയ ആരാധകരുള്ള കന്പനിയായ സ്കോഡ ഏവരും കാത്തിരിക്കുന്ന സബ് കോംപാക്ട് എസ് യുവിയായ സ്കോഡ കൈലാക് ഇന്ന് അവതരിപ്പിക്കും.
സബ് 4 മീറ്റർ എസ്യുവി വിഭാഗത്തിൽ പുറത്തിറക്കാൻ പോകുന്ന പുതിയ കാറിന്റെ പേര് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കന്പനി പ്രഖ്യാപിച്ചിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് നിർദേശിച്ച ‘കൈലാക്ക്’ (Skoda Kylaq) ആണ് പുതിയ കാറിന്റെ പേരായി തെരഞ്ഞെടുക്കപ്പെട്ടത്.സംസ്കൃത പദമായ കൈലാക്കിന്റെ അർഥം ക്രിസ്റ്റൽ എന്നാണെന്ന് കന്പനി വെളിപ്പെടുത്തിയിരുന്നു.
പുതിയ കാറിന് പേര് നിർദേശിക്കാനുള്ള മത്സരത്തിൽ രണ്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. മത്സരത്തിൽ രണ്ടുനിർദേശങ്ങളാണ് കന്പനി വച്ചത്. ഇംഗ്ലീഷ അക്ഷരമാലയിലെ കെയിലേ ക്യുവിലോ തുടങ്ങുന്നതാകണം പദമെന്ന് കന്പനി നിർദേശിച്ചു.
അവസാനം മുഹമ്മദ് സിയാദ് നിർദേശിച്ച കൈലാക് ഉൾപ്പെടെ എട്ടു പേരുകൾ വോട്ടിംഗിൽ വന്നു. വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേരുകൾ കന്പനി തെരഞ്ഞെടുത്തു. അവസാനം മുഹമ്മദ് സിയാദിന്റെ പേര് കന്പനി തെരഞ്ഞടുക്കുകയായിരുന്നു.
കാർ അവതരിപ്പിക്കുന്നതുനു മുന്നോടിയായി കാറിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് സ്കോഡ. ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയാണ് ഈ ടിവി പരസ്യം ഒരുക്കിയത്. 2025ൽ കൈലാക് വിപണിയിലെത്തും.
ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലുകളായ ടാറ്റ നെക്സോണ്, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടൈസർ എന്നീ മോഡലുകളാണ് കൈലാക്കിന്റെ പ്രധാന എതിരാളികൾ.
എൻട്രി ലെവൽ ട്രിമ്മിന് 8 ലക്ഷം രൂപ മുതലും ടോപ്പ്-ഓഫ്-ലൈൻ ട്രിമ്മിന് 14 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു.