ചൂരല്‍മല ദുരന്തം: വീട് നിര്മിച്ചുനല്കുമെന്നു കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്ക്
Friday, August 2, 2024 1:50 AM IST
കോഴിക്കോട്: ചുരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിന് വീട് നിർമിച്ചു നല്‍കുമെന്ന് കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടിനെ നടുക്കിയ ദുരന്തമാണ് വയനാട് ചുരൽ മലയിൽ സംഭവിച്ചിരിക്കുന്നത്. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നൽകുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദേശിക്കുന്ന 11 കുടുംബങ്ങൾക്ക് സർക്കാരിന്റെ അനുവാദത്തോടെ അഞ്ച് ലക്ഷം വീതം ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിക്കുക.
എന്‍ഐടിയുമായി സഹകരിച്ച് പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള വീടുകൾ ഡിസൈൻ ചെയ്ത് നാലുമാസംകൊണ്ട് വീട് നിർമിച്ച് കൈമാറാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ സർക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയാറാണ്.
ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യക്ക് ബാങ്കില്‍ ജോലി നല്‍കും. സഹകരണ നിയമ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ അനുമതി ലഭിച്ചാല്‍ ഇവരെ ബാങ്കില്‍ ജൂണിയര്‍ ക്ലാര്‍ക്കില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുമെന്നും എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് ചെയര്‍ പേഴ്സണ്‍ പ്രീമമനോജ്, ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് എന്നിവര്‍ പങ്കെടുത്തു.