വണ്ടര്‍ലാ "അടിപൊളിമ്പിക്സ് ' തുടങ്ങി
Thursday, July 18, 2024 12:33 AM IST
കൊച്ചി: മഴക്കാല മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൊച്ചി വണ്ടര്‍ലാ സംഘടിപ്പിക്കുന്ന അടിപൊളിമ്പിക്സിനു തുടക്കമായി. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്, വണ്ടര്‍ലാ ഹോളിഡേസ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന് ചൗധരി, കൊച്ചി വണ്ടര്‍ലാ പാര്‍ക്ക് മേധാവി എം.എ. രവികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്‍ഷിപ് ദീപശിഖ തെളിച്ചു.
ഓഗസ്റ്റ് 25 വരെ വിവിധ മത്സരങ്ങള്‍ ഉണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ധ്യാന്‍ ശ്രീനിവാസനും വണ്ടര്‍ലാ ഉദ്യോഗസ്ഥരും വിവിധ ഗെയിമുകളില്‍ ആവേശത്തോടെ പങ്കെടുത്ത് മത്സരിച്ചതും സന്ദര്‍ശകര്‍ക്ക് കൗതുകമേറിയ അനുഭവമായി. ആവേശകരവും രസകരവുമായ നിരവധി ടാസ്കുകളുടെ ഒരു പരമ്പരയാണ് അടിപൊളിമ്പിക്സ്.
എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകള്‍ ഓഗസ്റ്റ് 25ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ വരെ തുടരും. അക്വാമാന് ചലഞ്ച്, വണ്ടര്‍ല ഡെവിള്‍സ് സര്‍ക്യൂട്ട്, മെഗാ ഫുഡി മത്സരം എന്നിവയുണ്ടാകും.
ഗ്രാന്‍ഡ് ഫിനാലെ സമ്മാനങ്ങള്‍: പ്രീമിയം 350 സിസി ബൈക്ക്, 70,000 രൂപ മൂല്യമുള്ള ട്രാവല്‍ വൗച്ചറുകള്‍, 30,000 രൂപ വിലവരുന്ന ഇമോട്ടോറാഡ് ഇലക്ട്രിക് സൈക്കിളുകള്‍, വണ്ടര്‍ലാ റിസോര്‍ട്ടില്‍ ഒരു രാത്രിയും രണ്ടു ദിവസവും സൗജന്യ താമസം.
ഇവയ്ക്കുപുറമെ, പ്രതിദിന സമ്മാനങ്ങളായി പ്രീമിയം വാച്ചുകളും ജനപ്രിയ റസ്റ്ററന്റുകളിലും ഡൈനിംഗ് ഔട്ട്ലെറ്റുകളിലും ഉപയോഗിക്കാവുന്ന ഡൈനിംഗ് വൗച്ചറുകളും നല്‍കും.