അമല ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്
Tuesday, July 9, 2024 12:56 AM IST
തൃശൂർ: അമല ആശുപത്രി സ്ഥാപകരായ പദ്മഭൂഷണ് ഫാ. ഗബ്രിയേൽ സിഎംഐ, ഫാ. ജോർജ് പയസ് ഊക്കൻ സിഎംഐ, ബ്രദർ സേവ്യർ മാളിയേക്കൽ സിഎംഐ എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന ഫൗണ്ടേഴ്സ് ഡേയോടനുബന്ധിച്ച് മികച്ച ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ മൂന്നു വിഭാഗക്കാരെയും ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം നൽകി ആദരിക്കുന്നു.
സേവനമേഖലയിൽ മികവു പുലർത്തുന്നവർക്കും ആതുരശുശ്രൂഷാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവർക്കുമാണ് പുരസ്കാരം. അവാർഡിനു തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടർക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും, നഴ്സിനും പാരാമെഡിക്കൽ സ്റ്റാഫിനും 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. അഖിലേന്ത്യാതലത്തിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകൾ https://www.amalaims.org/ hospital/helthcare-excellence-award-2024എന്ന വെബ്സൈറ്റ് മുഖാന്തരം സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31.
ഓഗസ്റ്റ് 17ന് അമലയിൽ നടക്കുന്ന ഫൗണ്ടേഴ്സ് ഡേയോടനുബന്ധിച്ച് അവാർഡുകൾ സമ്മാനിക്കും. ഇതോടനുബന്ധിച്ചു സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 50 കുട്ടികൾക്കുള്ള മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കും. ഇതിനായുള്ള ധനസമാഹരണവും അന്നേദിവസം ആരംഭിക്കും.
പത്രസമ്മേളനത്തിൽ അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, എക്സ്റ്റേണൽ അഫയേഴ്സ് മാനേജർ ബോർജിയോ ലൂയീസ്, പിആർഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.