മഞ്ഞക്കൊന്ന മുറിക്കാൻ കെപിപിഎല്ലിന് അനുമതി
Saturday, June 22, 2024 11:31 PM IST
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതും വന്യജീവികൾക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് (കെപിപിഎൽ) അനുവാദം നൽകി ഉത്തരവായി. മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തിൽ പൾപ്പ് വുഡായി എടുക്കാൻ തയാറാണെന്ന് കെപിപിഎൽ അറിയിച്ചിരുന്നു.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽനിന്നും 5,000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നൽകിയത്. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് ഇത് നൽകുന്നത്. ഈ തുക സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് വിനിയോഗിക്കാനാണ് തീരുമാനം.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളിൽനിന്നും യാതൊരുവിധ മരങ്ങളും വാണിജ്യാവശ്യങ്ങൾക്കൊ മറ്റാവശ്യത്തിനോ നീക്കം ചെയ്യാൻ പാടില്ല എന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ തമിഴ്നാട് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് മഞ്ഞക്കൊന്ന പോലുള്ള കളകൾ നീക്കം ചെയ്യുന്നതിന് തടസമില്ല എന്ന് 2022 ഓഗസ്റ്റിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗ തീരുമാനങ്ങളെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
നോർത്തേൺ സർക്കിളിന്റെ കീഴിലുള്ള വയനാട് വനമേഖലയിലെ വിവിധ ഭാഗങ്ങളിലായി 50 ഓളം ഹെക്ടറിലെ മഞ്ഞക്കൊന്ന മരങ്ങൾ ഇതിനകം നിർമാർജനം ചെയ്തതായും 110 ഹെക്ടറോളം മഞ്ഞക്കൊന്ന മരങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.