മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
Thursday, April 25, 2024 12:05 AM IST
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി.
കഴിഞ്ഞ ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ വലിപ്പം സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്നാണു പുതിയ പരസ്യം നൽകിയത്. ഇത്തവണ ദേശീയ പത്രങ്ങളിൽ കാൽ പേജ് വലിപ്പത്തിലാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് സഹസ്ഥാപകരായ രാംദേവും ബാലകൃഷ്ണയും നിരുപാധികമായ പരസ്യമാപ്പ് എന്നപേരിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പു ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നാണു പരസ്യത്തിന്റെ ഉള്ളടക്കം.
കോടതിയലക്ഷ്യ കേസിൽ മാപ്പു പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിക്ക് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ പരസ്യത്തിന്റെ വലിപ്പം കുറഞ്ഞതു ചൂണ്ടിക്കാട്ടി, മുന്പ് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ അതേ അളവിൽ മാപ്പപേക്ഷ പരസ്യവും നൽകാൻ നിർദേശിക്കുകയായിരുന്നു.