2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനവുമായി കെഎസ്എഫ്ഇ
Sunday, April 2, 2023 12:54 AM IST
തൃശൂർ: 2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച് കെഎസ്എഫ്ഇ. 875.41 കോടിയുടെ പുതിയ ചിട്ടികൾ ആരംഭിക്കാനായത് റിക്കാർഡ് നേട്ടമായി. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ആർജിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ കെഎസ്എഫ്ഇയുടെ പ്രതിമാസ ചിട്ടി സല 3228 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.
പ്രവാസികൾക്കു വേണ്ടി നടത്തുന്ന കെഎസ്എഫ്ഇ പ്രവാസി ചിട്ടികളിലും 20 ശതമാനം വർധനവ് നേടാനായി. 54.16 കോടി രൂപയുടെ പുതിയ ചിട്ടി ബിസിനസാണ് നേടാൻ കഴിഞ്ഞത്. അതോടെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രതിമാസ ചിട്ടി സല 124.35 കോടി രൂപയായി ഉയർന്നു. പ്രവാസി ചിട്ടി കൂടി കണക്കിലെടുക്കുമ്പോൾ കെഎസ്എഫ്ഇയുടെ വാർഷിക ചിട്ടി സല 36200 കോടി രൂപയിലേക്കെത്തി.
2022-23 അവസാനിക്കുമ്പോൾ 21800 കോടി രൂപയുടെ ആകെ നിക്ഷേപവും, 11160 കോടി രൂപയുടെ വായ്പയും ബിസിനസ് കണക്കുകൾ കാണിക്കുന്നു. ഇതോടെ ആകെ വാർഷിക ബിസിനസ് 69200 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സ്വർണപ്പണയ വായ്പാ പദ്ധതി നല്ല മുന്നേറ്റം കാഴ്ചവയ്ക്കുകയുണ്ടായി.
2023 മാർച്ചിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വനിതകൾക്ക് മാത്രമായ സമത സ്വർണപ്പണയ വായ്പയിൽ 150 കോടി രൂപ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം നേടാനായി. കുടിശിക നിവാരണ പദ്ധതികളും നല്ല മുന്നേറ്റമാണു കാഴ്ചവച്ചിട്ടുള്ളത്.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതിനു മുഴുവൻ മലയാളികൾക്കും കെഎസ്എഫ്ഇ കുടുംബാംഗങ്ങൾക്കും സ്ഥാപനത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ പറഞ്ഞു.