പല്ലോൻജി മിസ്ത്രി ഓർമയായി
Wednesday, June 29, 2022 12:43 AM IST
മുംബൈ: ഷപൂർജി പല്ലോൻജി ഗ്രൂപ്പ് അധ്യക്ഷനും ശതകോടീശ്വരനുമായ പല്ലോൻജി മിസ്ത്രി അന്തരിച്ചു. 93 വയസായിരുന്നു.
ലൈല റസ്റ്റം ജഹാൻഗീർ, അലൂ നോയൽ ടാറ്റ, ഷപൂർ മിസ്ത്രി, സൈറസ് മിസ്ത്രി എന്നിവർ മക്കളാണ്. അയർലൻഡ് സ്വദേശിനി പാറ്റ്സി പെരിൻ ദുബാഷിയെ വിവാഹം കഴിച്ച മിസ്ത്രി 2003ൽ ഐറിഷ് പൗരത്വം സ്വീകരിച്ചിരുന്നു.
ടാറ്റാ സണ്‍സിലെ ഏറ്റവും വലിയ മൈനോറിറ്റി ഓഹരിയുടമയായിരുന്നു മിസ്ത്രി. ടാറ്റ ഗ്രൂപ്പിലെ 18.4 ശതമാനം ഓഹരിപങ്കാളിത്തമാണു മിസ്ത്രി കുടുംബത്തിന്റെ ആസ്തികളിൽ പ്രധാനം.
ആർബിഐ ആസ്ഥാനം, താജ്മഹൽ പാലസ് ഹോട്ടൽ, അൽ അലാം പാലസ് ഉൾപ്പെടെയുളളവ, 150 വർഷത്തിലേറെ പഴക്കമുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പ് നിർമിച്ചവയാണ്. 2016 ൽ രാജ്യം പല്ലോൻജി മിസ്ത്രിയെ പദ്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു.