ക്രൂഡ് വില കൂടുന്നു; ഇന്ധനവില വർധിച്ചേക്കും
Thursday, January 20, 2022 12:23 AM IST
മുംബൈ: ഇന്ധനവിലയിൽ വീണ്ടും വർധനയുണ്ടാകാൻ സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതാണു കാരണം. നൈമെക്സ് ക്രൂഡ് ബാരലിന് 86 ഡോളറിനാണു വിറ്റത്. 2014 ഒക്ടോബറിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണിത്.
അഞ്ചു സംസ്ഥാനങ്ങളിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കാൻ അനുവദിക്കില്ലെന്നു വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബർ നാലിനു പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടിയിൽ യഥാക്രമം അഞ്ച്, പത്ത് രൂപയുടെ കുറവു വരുത്തിയശേഷം രാജ്യത്തു വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില നികുതിയിൽ സംസ്ഥാനങ്ങളും കുറവുവരുത്തിയിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് വില വർധിച്ചാൽ ഇന്ധനവില സ്വാഭാവികമായും വർധിക്കുമെന്ന് ഓയിൽ ആൻഡ് ഗ്യാസ് പിഡബ്ള്യുസി ഇന്ത്യ പാർട്ണറും തലവനുമായ ദീപക് മഹുർകർ പറഞ്ഞു. ഓയിൽ കന്പനികൾ സഹായത്തിനായല്ല പ്രവർത്തിക്കുന്നതെന്നും ഇന്നല്ലെങ്കിൽ നാളെ അവർ തങ്ങൾക്കു നഷ്ടമാകുന്ന തുക തിരികെപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.