സ്വർണവില പവന് 28,320 രൂപ
Saturday, August 24, 2019 10:31 PM IST
കൊച്ചി: ആഗോളതലത്തിൽ ഉൾപ്പെടെ മാന്ദ്യം നിലനിൽക്കുന്നതിനിടെ സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില പവന് 28,320 രൂപയായും ഗ്രാമിന് 3,540 രൂപയായും ഉയർന്നു. ഇതുവരെയുള്ള റിക്കാർഡ് വിലയായിരുന്ന പവന് 28,000 രൂപയും മറികടന്നാണ് സ്വർണവില കുതിക്കുന്നത്.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,530 ഡോളറായും രൂപയുടെ വിനിമയനിരക്ക് 71.70ലും എത്തിയിട്ടുണ്ട്. ബാങ്ക് നിരക്കാകട്ടെ ഒരു കിലോ തങ്കം കട്ടിക്ക് 40 ലക്ഷം രൂപയ്ക്കടുത്തെത്തി. ജൂലൈ ഒന്നിന് ഗ്രാമിന് 3,115 രൂപയും പവൻവില 24,920 രൂപയുമായിരുന്നെങ്കിൽ ഓഗസ്റ്റ് ഒന്നിന് ഗ്രാം വില 3210 രൂപയും പവൻ വില 25,680 രൂപയിലുമെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില വർധിച്ചത്. പവന് 3,400 രൂപയും വർധിച്ചു.