അഭയാർഥിപ്രശ്നത്തിൽ അമേരിക്കൻ മെത്രാൻസമിതിക്ക് പിന്തുണയേകി മാർപാപ്പ
Friday, February 14, 2025 4:42 AM IST
വത്തിക്കാൻ സിറ്റി: അഭയാർഥികളുടെ അവകാശങ്ങളും അന്തസും കാത്തുസൂക്ഷിക്കാനുള്ള അമേരിക്കൻ മെത്രാൻസമിതിയുടെ പരിശ്രമങ്ങൾക്ക് പിന്തുണയേകിയും ഏവരെയും തുല്യഅന്തസോടെ കാണാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് മാർപാപ്പ.
മെത്രാൻസമിതിക്ക് അയച്ച കത്തിലാണ് കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും സഹായമേകാനുള്ള അമേരിക്കയിലെ പ്രാദേശിക കത്തോലിക്കാസഭാനേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് മാർപാപ്പ പിന്തുണ നൽകിയത്. അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനിടെയാണു പ്രാദേശിക സഭാനേതൃത്വത്തിന് പിന്തുണയുമായി മാർപാപ്പ കത്തയച്ചത്.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള പെരുമാറ്റത്തിലൂടെയാണ് ഒരു രാജ്യത്തെ നിയമവാഴ്ച വിലയിരുത്തപ്പെടേണ്ടതെന്ന് മാർപാപ്പ കത്തിൽ എഴുതി. ശരിയായ നടപടികൾ അനുസരിച്ചും നിയമാനുസൃതവുമുള്ള കുടിയേറ്റത്തിനുതകുന്ന രാഷ്ട്രീയതീരുമാനങ്ങളെ അനുകൂലിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണുണ്ടാകേണ്ടത്. എന്നാൽ ഇതൊരിക്കലും ചിലർക്കു മാത്രം ആനുകൂല്യങ്ങൾ അനുവദിച്ചും മറ്റുള്ളവർക്ക് അവ നിഷേധിച്ചുമാകരുത്.
രാജകോപത്തിൽനിന്നു രക്ഷപ്പെടാനായി ഈജിപ്തിലേക്ക് കുടിയേറാൻ നിർബന്ധിതരായ വിശുദ്ധ യൗസേപ്പും മേരിയും യേശുവുമടങ്ങുന്ന തിരുക്കുടുംബം കടന്നുപോയ അനുഭവങ്ങൾക്കു സമാനമായ അവസ്ഥയാണ് ഇന്നത്തെ ലോകത്ത് പല കുടിയേറ്റക്കാരും നേരിടേണ്ടിവരുന്നതെന്ന് ഓർമിപ്പിച്ച പാപ്പ, കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നയം ക്രിസ്തുവിന്റെ നിലപാടുകളും സഭയുടെ ചരിത്രവുമായി ചേർന്നുപോകുന്നതാണെന്നും പറഞ്ഞു.
മറ്റുള്ളവരെ ഉൾക്കൊള്ളാൻ സന്നദ്ധതയുള്ള സാമൂഹികമനഃസ്ഥിതി വളർത്തിയെടുക്കുകയെന്നത് സഭയുടെ നിയോഗത്തിന്റെ ഭാഗമാണെന്ന് ഓർമിപ്പിച്ച മാർപാപ്പ, സഭാനേതൃത്വത്തെയും കുടിയേറ്റക്കാരെയും ഗ്വാദലൂപ്പെ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ചുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചത്.