ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം: നെതന്യാഹു
Thursday, February 13, 2025 3:14 AM IST
ജറുസലേം: വെടിനിർത്തൽ കരാർ പിൻവലിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ശനിയാഴ്ച കൂടുതൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെതിരായി യുദ്ധം പുനരാരംഭിക്കാൻ സൈനികർക്ക് നെതന്യാഹു നിർദേശം നൽകുകയും ചെയ്തു.
വെടിനിർത്തൽ കരാർ ഇസ്രയേൽ പാലിക്കുന്നില്ലെന്നാരോപിച്ച് ഹമാസ് ബന്ദികൈമാറ്റം വൈകിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണു നെതന്യാഹുവിന്റെ ഭീഷണി. ഗാസയിലേക്കു സമ്മതിച്ച എണ്ണം കൂടാരങ്ങളും മറ്റ് സഹായങ്ങളും അനുവദിക്കാത്തതുൾപ്പെടെ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുകയാണെന്നാണു ഹമാസിന്റെ ആരോപണം.
ശേഷിക്കുന്ന ബന്ദികളെയെല്ലാം മോചിപ്പിക്കണമെന്നാണോ ശനിയാഴ്ച വിട്ടയയ്ക്കാമെന്ന് നേരത്തേ ധാരണയുണ്ടായിരുന്ന ബന്ദികളുടെ കാര്യമാണോ നെതന്യാഹു ഉന്നയിക്കുന്നതെന്നു വ്യക്തമല്ല.
ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. ജനുവരി 19ന് വെടിനിർത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നതു മുതൽ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു.
ഹമാസ് 21 ഇസ്രയേൽ ബന്ദികളെ വിട്ടയച്ചപ്പോൾ 730 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. എന്നാൽ വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയയ്ക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.
ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.