പേജർ ആക്രമണം തന്റെ അനുമതിയോടെയെന്ന് നെതന്യാഹു
Monday, November 11, 2024 11:44 PM IST
ടെൽ അവീവ്: ലബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരേ നടത്തിയ പേജർ സ്ഫോടനപരന്പര തന്റെ അറിവോടെയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യത്തെ തുറന്നുപറച്ചിലാണിത്. നെതന്യാഹുവിന്റെ വക്താവ് ഒമർ ദോസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 17നു ലബനനിലെ ബെയ്റൂട്ടിലും മറ്റു ഭാഗങ്ങളിലും ഒരേ സമയം പേജറുകൾ പൊട്ടിത്തെറിച്ച് 39 പേർ മരിച്ചു. 3400 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ നിരവധി ഹിസ്ബുള്ള ഭീകരർക്ക് കൈവിരലുകൾ നഷ്ടമാകുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്രേലി സൈന്യം ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതു തടയാനാണ് ഹിസ്ബുള്ളകൾ മൊബൈൽ ഫോണുകൾക്കു പകരം പേജറുകൾ ഉപയോഗിച്ചിരുന്നത്.
പേജർസ്ഫോടനത്തിനു പിന്നാലെയാണ് ലബനനിൽ ഇസ്രേലി സൈന്യം യുദ്ധം ആരംഭിച്ചത്. കാബിനറ്റ് യോഗത്തിനിടെയാണ് പേജർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നെതന്യാഹു ഏറ്റെടുത്തതെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പേജർ സ്ഫോടനത്തിന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും എതിരായിരുന്നുവെന്നും താൻ സ്വന്തം നിലയിൽ മുന്നോട്ടുപോകുകയായിരുന്നുവെന്നും നെതനാഹ്യു മന്ത്രിമാരോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്.