അതിർത്തി കാക്കാൻ ഹോമാൻ; ട്രംപ് നിയമനം തുടങ്ങി
Monday, November 11, 2024 11:44 PM IST
ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് തന്റെ രണ്ടാം ടേമിലെ ടീം രൂപവത്കരിച്ചു തുടങ്ങി. മുൻ ട്രംപ് സർക്കാരിൽ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) ആക്ടിംഗ് ഡയറക്ടറായിരുന്ന ടോം ഹോമാനെ ബോർഡർ സർ ആയി നിയമിച്ചു. അതിർത്തിസുരക്ഷയും കുടിയേറ്റ നയവും കൈകാര്യം ചെയ്യാൻ യുഎസ് പ്രസിഡന്റ് നിയോഗിക്കുന്നയാളാണ് ബോർഡർ സർ.
എലീസ് സ്റ്റെഫാനിക്കിനെ (40) ഐക്യരാഷ്ട്രസഭ അംബാസഡറായും നിയമിച്ചു. എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ യുഎസ് കോൺഗ്രസിൽ സമ്പൂർണ ആധിപത്യത്തിലേക്ക് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നീങ്ങുകയാണ്. സെനറ്റിൽ ഇതിനകംതന്നെ മേൽക്കൈ നേടിയ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷത്തിലേക്ക്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധി സഭയിൽ 215 സീറ്റുകളായി. ഡെമോക്രാറ്റ് പാർട്ടിക്ക് 210 സീറ്റുകളാണുള്ളത്. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടാൻ 218 സീറ്റുകളാണ് വേണ്ടത്.
സെനറ്റിനൊപ്പം ജനപ്രതിനിധി സഭയിലും മുൻതൂക്കം നേടാനായാൽ ട്രംപിന് തന്റെ പദ്ധതികൾ തടസമില്ലാതെ നടപ്പാക്കാൻ അവസരമൊരുങ്ങും.