ശതാബ്ദിയിൽ ജിമ്മി കാർട്ടർ
Wednesday, October 2, 2024 1:50 AM IST
അറ്റ്ലാന്റ: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റെന്ന ഖ്യാതി ജിമ്മി കാർട്ടർ സ്വന്തമാക്കി. ഇന്നലെയായിരുന്നു പിറന്നാൾ.
39-ാം പ്രസിഡന്റായിരുന്ന കാർട്ടർ 1977 -81 കാലത്താണു ഭരണം നടത്തിയത്. കർഷകനായിരുന്ന കാർട്ടർ അറുപതുകളിലാണു ഡെമോക്രാറ്റിക് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയത്.
കാർട്ടറിന്റെ സ്വദേശമായ ജോർജിയ സംസ്ഥാനത്തെ പ്ലെയിൻസ് നഗരത്തിൽ യുദ്ധവിമാനങ്ങളടക്കം പങ്കെടുത്ത ആഘോഷ പരിപാടികൾ അരങ്ങേറി. കാർട്ടർ 40 വർഷമായി സഹകരിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടന മിന്നസോട്ടയിൽ ഈ മാസം 30 വീടുകൾ നിർമിച്ചുനല്കും.
അടുത്തകാലത്ത് കുറച്ചുനാൾ ആശുപത്രിയിൽ ചെലവഴിക്കേണ്ടിവന്നെങ്കിലും കാർട്ടർ ഇപ്പോൾ ഉത്സാഹവാനാണെന്നു ബന്ധുക്കൾ അറിയിച്ചു. 77 വർഷം കൂടെയുണ്ടായിരുന്ന ഭാര്യ റോസലിൻ മരിച്ച കഴിഞ്ഞവർഷം നവംബറിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.