വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ പൊരിഞ്ഞ പോരാട്ടം
Tuesday, October 1, 2024 2:01 AM IST
വാഷിംഗ്ടണിൽനിന്ന് പി.ടി. ചാക്കോ
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സെനറ്റര്‍ ജെഡി വാന്‍സും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗവര്‍ണര്‍ ടിം വാള്‍സും തമ്മില്‍ ബുധനാഴ്ച നടക്കുന്ന സംവാദം മറ്റൊരു പൊരിഞ്ഞ പോരാട്ടമായിരിക്കും.
സിബിഎസ് ന്യൂസിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലാണ് ഇവര്‍ തമ്മിലുള്ള ഏക സംവാദം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന സംവാദം മൂന്നാഴ്ച മുമ്പായിരുന്നു. തുടര്‍ന്ന് കമല ഹാരിസ് മറ്റൊരു സംവാദത്തിന് തയാറായെങ്കിലും ട്രംപ് വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് സംവാദത്തിന് ഏറെ പ്രാധാന്യം കൈവന്നു.
പ്രസിഡന്റ് സംവാദത്തിന്റെ അതേ നിയമാവലിയാണ് ഇതിനുമുള്ളത്. രാത്രി ഒമ്പതിന് ഒന്നര മണിക്കൂര്‍ സംവാദം. സദസ് ഉണ്ടാകില്ല. രണ്ട് മോഡറേറ്റര്‍മാര്‍ ഉണ്ടാകും. രണ്ടു മിനിറ്റ് വീതം സംസാരിക്കാം. പ്രസിഡന്റ് സംവാദത്തില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാളുടെ മൈക്ക് ഓഫ് ചെയ്യുന്ന സമ്പ്രദായം ഇവിടെയില്ല.
മോഡറേറ്ററുടെ യുക്തിക്കനുസരിച്ച് സംവാദം നയിക്കാം. ദേശീയ രാഷ്ട്രീയത്തില്‍ ഇരുവരും അത്ര പ്രശസ്തരല്ല. 2022ലാണ് ജെഡി വാന്‍സ് ഇലിനോയി സംസ്ഥാനത്തുനിന്ന് സെനറ്ററാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കുതിച്ചുയര്‍ന്നു.
അദ്ദേഹത്തിന്റെ ‘ഹില്‍ബില്ലി ഇലഗി’ എന്ന ആത്മകഥയും സിനിമയും വമ്പന്‍ ഹിറ്റുകളായിരുന്നു. അപ്പലാച്ചിയ മലനിരകളില്‍ ദുരിതപൂര്‍ണമായ ജീവിതത്തിലൂടെയാണ് അദ്ദേഹം കടന്നുപോയത്. ഹില്‍ബില്ലി എന്നാണിവര്‍ അറിയപ്പെടുന്നത്. മുത്തച്ഛനും മുത്തശ്ശിയും മദ്യത്തിന് അടിമയായിരുന്നു.
പലചരക്കുകടയില്‍ കാഷറായും മറ്റും ജോലി ചെയ്തു. മുത്തശ്ശി പിന്നീട് വാന്‍സിന്റെ സംരക്ഷകയായി മാറുകയും ഇലിനോയിയിലെ ഒഹായോ നഗരത്തിലേക്കു പറിച്ചുനടുകയും ചെയ്തു.
അദ്ദേഹം യേൽ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടി. അവിടെ പഠിക്കുമ്പോഴാണ് ഉഷ ചിലുകുരിയെ പരിചയപ്പെടുന്നത്. 2014ല്‍ വിവാഹിതരായി. ഉഷ ചിലുകുരി ആന്ധ്രപ്രദേശ് സ്വദേശിയും നിയമവിദഗ്ധയുമാണ്.
2022ല്‍ അദ്ദേഹം ഒഹായോയില്‍നിന്ന് സെനറ്ററായി മത്സരിച്ച് ജയിച്ചു. തുടര്‍ന്ന് ട്രംപിന്റെ അനുയായിയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായി. കമല ഹാരിസിനെ കുട്ടികളില്ലാത്ത അമ്മ എന്ന അര്‍ഥത്തില്‍ ‘ക്യാറ്റ് ലേഡി’ എന്നു വിളിച്ചത് വലിയ വിമര്‍ശനത്തിന് ഇടവരുത്തി. കമലയ്ക്ക് രണ്ട് ദത്തുപുത്രിമാരാണുള്ളത്.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സ് 2019 മുതല്‍ മിനസോട്ട ഗവര്‍ണറാണ്. 2007 മുതല്‍ കോണ്‍ഗ്രസ് അംഗവും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണം, ഗര്‍ഭച്ഛിദ്ര അവകാശം, കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാട്ടം തുടങ്ങിയവ ശ്രദ്ധേയം. പട്ടാളത്തില്‍ സേവനത്തിനുശേഷം ഹൈസ്കൂള്‍ അധ്യാപകനായും ഫുട്ബോള്‍ കോച്ചായും പ്രവര്‍ത്തിച്ചു.