ലബനനിൽ അധിനിവേശത്തിന് ഇസ്രേലി സേന ഒരുങ്ങുന്നതായി റിപ്പോർട്ട്
Monday, September 30, 2024 12:34 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രേലി സേന ലബനനിൽ അധിനിവേശത്തിനു തയാറെടുക്കുന്നതായി അമേരിക്കയിലെ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിമിതമായ തോതിലായിരിക്കും ഇസ്രേലി സൈനികനീക്കമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച ലബനീസ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ കണ്ട ഇസ്രേലി സൈനികമേധാവി ലഫ്. ജനറൽ ഹെർസി ഹാലെവിയും കരയാക്രമണത്തിനുള്ള സൂചന നല്കിയിരുന്നു. ലബനനിൽ ഇപ്പോൾ നടക്കുന്ന വ്യോമാക്രമണങ്ങൾ ഇതിനുള്ള മുന്നോടിയാണെന്ന് അദ്ദേഹം സൈനികരോടു പറഞ്ഞു.
ഹിസ്ബുള്ള ആക്രമണം മൂലം വടക്കൻ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരികെയെത്തിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇതിനായി ഹിസ്ബുള്ളയുടെ ഭീഷണി അവസാനിപ്പിക്കണം.