വടക്കൻ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ചവരെ തിരികെയെത്തിക്കും: ഇസ്രയേൽ
Wednesday, September 18, 2024 1:32 AM IST
ടെൽ അവീവ്: ഹിസ്ബുള്ളയുമായി സംഘർഷം നടക്കുന്ന വടക്കൻ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ചു മാറ്റിയവരെ തിരികെയെത്തിക്കുമെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം യുദ്ധലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തി.
ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരർ ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പിറ്റേന്നാണു പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയത്. ഒട്ടുമിക്ക ദിവസങ്ങളിലും പരിമിതമായ തോതിൽ ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.
ലബനനോട് ചേർന്ന വടക്കൻ അതിർത്തിയിൽനിന്ന് 60,000 ഇസ്രേലികളെയാണ് ഒഴിപ്പിച്ചു മാറ്റിയിട്ടുള്ളത്. സൈനിക നടപടിയിലൂടെ മാത്രമേ ഇവരെ തിരികെയെത്തിക്കാൻ കഴിയൂ എന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെ, ഗാസ യുദ്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനെതിരേ അമേരിക്ക ഇസ്രയേലിനു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗാസയിലുള്ള ബന്ദികളെ തിരികെയെത്തിക്കുക, ഗാസ വീണ്ടും ഇസ്രയേലിനു ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങളായി ഇസ്രയേൽ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.