യുദ്ധഭൂമിക കീഴടക്കിയാല്‍ വൈറ്റ്ഹൗസ് പിടിക്കാം
Saturday, September 7, 2024 11:33 PM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
അമേരിക്കയില്‍ 50 സംസ്ഥാനങ്ങളുണ്ടെങ്കിലും ഫലത്തില്‍ ഏഴു സംസ്ഥാനങ്ങളാണ് നിര്‍ണായകം. ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ അഥവാ ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നും പര്‍പ്പിള്‍ സ്റ്റേറ്റ്സ് എന്നുമാണിവ അറിയപ്പെടുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും തുല്യ സാധ്യതയാണിവിടെ. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോളൈന, പെന്‍സില്‍വേനിയ, വിസ്കോണ്‍സിന്‍ എന്നിവയാണിവ. കഴിഞ്ഞ തവണ നോര്‍ത്ത് കരോളിനയില്‍ മാത്രമായിരുന്നു ട്രംപിനു ലീഡ്. മറ്റു ആറ് സംസ്ഥാനങ്ങളില്‍ നേരിയ ലീഡെടുത്താണ് ബൈഡന് 2020ല്‍ അധികാരം പിടിച്ചത്.
43 സംസ്ഥാനങ്ങള്‍ ഏതാണ്ട് തുടര്‍ച്ചയായി ഏതെങ്കിലും ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവയാണ്. ചുവന്ന നിറം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ക്കും നീല നിറം ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ക്കുമാണ്. ചുവപ്പും നീലയും ചേര്‍ന്ന പര്‍പ്പിള്‍ നിറമാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ക്ക്.
അമേരിക്കയിലെ 24 കോടി വോട്ടര്‍മാരില്‍ അഞ്ചു കോടിയോളം വരുന്ന ഇവരാണ് നിര്‍ണായക ശക്തി. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളില്‍ 89 വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണിവിടെ.
ജോര്‍ജിയ (16 വോട്ട്): ബൈഡന് 0.2 ശതമാനം എന്ന ഏറ്റവും കുറഞ്ഞ വോട്ടിന് ജയിച്ച സംസ്ഥാനം. നേരിയ വിജയത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ട്രംപിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ട്. ജനസംഖ്യയുടെ മൂന്നിലൊന്ന് ആഫ്രിക്കന്‍- അമേരിക്കക്കാരാണ്. കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഇവരുടെ പിന്തുണ ഉറപ്പാക്കി. അരിസോണ (11 വോട്ട്): വെറും 0.3 ശതമാനം ലീഡാണ് ബൈഡനു ലഭിച്ചത്. മെക്സിക്കോയുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന അരിസോണയില്‍ കുടിയേറ്റമാണ് കത്തുന്ന വിഷയം.
വിസ്കോണ്‍സിന്‍ (10 വോട്ട്): ബൈഡന് 0.6 ശതമാനം ലീഡ് മാത്രം. പെന്‍സില്‍വേനിയ (19 വോട്ട്): തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ട്രംപിനു വെടിയേറ്റ സ്ഥലം. സ്വന്തം ജന്മസ്ഥലമായിട്ടും പ്രസിഡന്റ് ബൈഡന് 1.2 ശതമാനം മാത്രമായിരുന്നു ലീഡ്.
നോര്‍ത്ത് കരോളൈന (16 വോട്ട്): കഴിഞ്ഞ തവണ ട്രംപ് 1.3 ശതമാനം ലീഡ് നേടി ജയിച്ച സംസ്ഥാനം. നെവാഡ (ആറ് വോട്ട്): ലാറ്റിനമേരിക്കക്കാര്‍ ഏറെയുള്ള ഇവിടെ ട്രംപിനുണ്ടായിരുന്ന മേല്‍ക്കൈ കമല ഹാരിസ് രംഗത്തുവന്നതോടെ ഉലഞ്ഞിട്ടുണ്ട്. ബൈഡന് 2.4 ശതമാനം വോട്ടായിരുന്നു ലീഡ്. മിഷിഗണ്‍ (15 വോട്ട്): അറബ്- അമേരിക്കന്‍സ് ഏറെയുള്ള മിഷിഗണില്‍ ഗാസയിലെ സംഘര്‍ഷമാണ് പ്രധാന വിഷയം. ബൈഡന് 2.8 ശതമാനമായിരുന്നു ലീഡ്.