ഐഎസ് സംഘത്തിന്റെ അറസ്റ്റ്: അന്വേഷണത്തിന് ശ്രീലങ്ക
Thursday, May 23, 2024 1:57 AM IST
കൊളംബോ: ഇന്ത്യയിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ ഐഎസ് ബന്ധമുള്ള നാല് ലങ്കൻ പൗരന്മാരെ അഹമ്മദാബാദിൽ ഭീകരവിരുദ്ധസേന അറസ്റ്റ്ചെയ്ത സംഭവത്തിൽ അന്വേഷണത്തിനു ശ്രീലങ്കയും. മുതിർന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലാണ് അന്വേഷണസംഘത്തെ നയിക്കുന്നത്.
കൊളംബോയിൽനിന്ന് ചെന്നൈ വഴി അഹമ്മദാബാദിലെത്തിയ മുഹമ്മദ് നുസ്രത്ത് (35), മുഹമ്മദ് ഫാറുഖ് (35), മുഹമ്മദ് നഫ്രാൻ (27), മുഹമ്മദ് റാസ്ദീൻ (43) എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽവച്ച് ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. മൂന്നു പാക്കിസ്ഥാൻ നിർമിത പിസ്റ്റളുകളും 20 വെടിയുണ്ടകളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോട്ടോകളിലും രേഖകളിലും ഐഎസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടായിരുന്നു. ബാഗിൽനിന്ന് ഐഎസ് പതാകയും കണ്ടെത്തി. അറസ്റ്റിലായവരിൽ മുഹമ്മദ് നുസ്രത്തിന് പാക്കിസ്ഥാൻ വീസയും ഉണ്ടായിരുന്നു.
അറസ്റ്റിന്റെ വിശദാംശങ്ങൾ തേടിയ ശ്രീലങ്കൻ സർക്കാർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു.