ജരൻവാല കലാപം: ക്രൈസ്തവ സഹോദരങ്ങൾ കുറ്റവിമുക്തർ
Sunday, March 3, 2024 1:47 AM IST
ലാഹോർ: 24 പള്ളികളും ഒട്ടേറെ ക്രൈസ്തവഭവനങ്ങളും ചുട്ടെരിക്കപ്പെട്ട ജരൻവാല കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് മുസ്ലിംകൾ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി കണ്ടെത്തി.
2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരൻവാലയിൽ ക്രൈസ്തവരെ ജനക്കൂട്ടം ആക്രമിച്ചത്. ഖുറാൻ താളുകൾ കീറിയ നിലയിൽ കണ്ടെത്തിയതാണ് കലാപത്തിനു പ്രേരണയായത്. തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് എ ലബ്ബായിക് പാക്കിസ്ഥാൻ എന്ന പാർട്ടി അക്രമത്തിനു നേതൃത്വം നല്കി. പള്ളികൾക്കു പുറമേ 86 ക്രൈസ്തവ ഭവനങ്ങളും തീവച്ചുനശിപ്പിച്ചു.
അക്രമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പൗോലീസ് അറസ്റ്റ് ചെയ്തു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ മതനിന്ദാനിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്.
എന്നാൽ പ്രദേശത്തെ രണ്ടു മുസ്്ലിംകൾ ക്രൈസ്തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി മതനിന്ദാ കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. കോടതിയുടെ ഉത്തരവുണ്ടായതിനു പിന്നാലെ ക്രൈസ്തവ സഹോദരങ്ങൾ ജയിൽ മോചിതരായെന്ന് പോലീസ് അറിയിച്ചു.
പള്ളികളും ഭവനങ്ങളും ആക്രമിക്കപ്പെട്ട സംഭവം അവിചാരിതമല്ലെന്ന് പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ ഫാക്ട് ഫൈൻഡിംഗ് മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ ക്രൈസ്തവരോടു ദീർഘനാളായുള്ള വിദ്വേഷമാണ് അക്രമത്തിൽ അവസാനിച്ചത്.