പനി: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പരിശോധന നടത്തി
Thursday, February 29, 2024 1:47 AM IST
വത്തിക്കാൻ സിറ്റി: പനിയുടെ ലക്ഷണങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ ജിമെല്ലി ആശുപത്രിയിലെത്തി പരിശോധനകൾക്കു വിധേയനായി. ഉടൻതന്നെ വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു.
എൺപത്തേഴുകാരനായ മാർപാപ്പ ശനിയാഴ്ചയും ഞായറാഴ്ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച, ത്രികാലജപ പ്രാർഥന ചൊല്ലുകയുണ്ടായി.
ഇന്നലെ പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രസംഗം വായിക്കാൻ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിയാണു പ്രസംഗം വായിച്ചത്. പരിപാടി അവസാനിച്ചയുടൻ മാർപാപ്പ റോമിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു.
ശനിയാഴ്ച വത്തിക്കാൻ സന്ദർശിക്കുന്ന ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ മാർപാപ്പ സ്വീകരിക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്.