റഷ്യക്കെതിരേ 700 ഉപരോധങ്ങൾ
Saturday, February 24, 2024 12:40 AM IST
വാഷിംഗ്ടൺ ഡിസി: അലക്സി നവൽനിയുടെ ദുരൂഹ മരണം, യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി.
അമേരിക്ക അഞ്ഞൂറും യൂറോപ്യൻ യൂണിയൻ ഇരുനൂറും ഉപരോധങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് പുടിൻ രാജ്യത്തിനു പുറത്തു നടത്തുന്ന അതിക്രമങ്ങൾക്കും രാജ്യത്തിനകത്തു നടത്തുന്ന അടിച്ചമർത്തലുകൾക്കും വലിയ വില നല്‍കേണ്ടിവരുമെന്ന് ഉറപ്പാക്കുന്ന ഉപരോധങ്ങളാണിവയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
റഷ്യ യൂറോപ്യൻ യൂണിയനു മറുപടി ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24നാണ് പുടിന്റെ ഉത്തരവു പ്രകാരം റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്.
മൃതദേഹം രഹസ്യമായി സംസ്കരിക്കണമെന്ന്
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അമ്മ ലുഡ്മിള നവൽനയെ കാണിച്ചു. മൃതദേഹം വിട്ടുകൊടുത്തിട്ടില്ല. സംസ്കാരച്ചടങ്ങുകൾ രഹസ്യമായി നടത്തണമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി ലുഡ്മിള ആരോപിച്ചു. സംസ്കാരസമയം, ചടങ്ങുകൾ എന്നിവ തീരുമാനിക്കുന്നതിന് അധികൃതർ ഉപാധി വയ്ക്കുന്നതായും ലുഡ്മിള പറഞ്ഞു.
നവൽനി 16ന് സൈബീരിയൻ ജയിലിൽ കുഴഞ്ഞുവീണു മരിച്ചുവെന്നാണു റഷ്യ അവകാശപ്പെടുന്നത്. എന്നാൽ റഷ്യൻ പ്രസിഡന്റ് പുടിനു മരണത്തിൽ പങ്കുള്ളതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ആരോപിച്ചു.
ഇതിനിടെ, നവൽനിയുടെ വിധവ യൂലിയ നവൽനയ, മകൾ ഡാഷ എന്നിവരുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തി. കലിഫോർണിയയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. നവൽനിയുടെ പോരാട്ടം യൂലിയ തുടരുമെന്നു ബൈഡൻ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.