വെടിനിർത്തൽ പ്രമേയം വീണ്ടും യുഎസ് വീറ്റോ ചെയ്തു
Thursday, February 22, 2024 12:38 AM IST
ന്യൂയോർക്ക്: ഗാസയിൽ ഉടൻ വെടിനിർത്തലാവശ്യപ്പെട്ട് യുൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തു. 15 അംഗ സമിതിയിൽ ബ്രിട്ടൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ശേഷിക്കുന്ന പതിമൂന്നു പേർ പ്രമേയത്തെ അനുകൂലിച്ചു.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക ഇതു മൂന്നാം തവണയാണു വീറ്റോ അധികാരത്തിലൂടെ പരാജയപ്പെടുത്തുന്നത്. വെടിനിർത്തലിന്, അമേരിക്കതന്നെ മറ്റൊരു പ്രമേയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സാധ്യമായ സാഹചര്യത്തിൽ എത്രയും വേഗം താത്കാലിക വെടിനിർത്തൽ വേണമെന്നാണ് അമേരിക്ക പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
അൾജീരിയൻ പ്രമേയം പരാജയപ്പെടുത്തിയ അമേരിക്കയ്ക്കെതിരേ വലിയ വിമർശനമുണ്ടായി. ഗാസയിലെ സ്ഥിതിവിശേഷം അമേരിക്ക കൂടുതൽ അപകടകരമാക്കിയെന്നു ചൈനയുടെ യുഎൻ പ്രതിനിധി ഷാം ജുൻ പ്രതികരിച്ചു. റഷ്യ, ഫ്രാൻസ്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ നടപടിയിൽ നിരാശ പ്രകടിപ്പിച്ചു.