ലോകനേതാക്കളുടെ അനുശോചനപ്രവാഹം
Sunday, June 4, 2023 12:17 AM IST
ലണ്ടൻ/മോസ്കോ: ഒഡീഷ ദുരന്തത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹം. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവർ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു.
ഒഡീഷ ദുരന്തത്തിൽ അത്യഗാധ ദുഃഖം രേഖപ്പെടുത്തുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പുടിൻ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും സന്ദേശത്തിലുണ്ട്.
അതീവ ദുഃഖകരമായ അന്തരീക്ഷത്തിൽ ഇന്ത്യൻ ജനതയ്ക്കൊപ്പം ചേർന്നുനിൽക്കുകയാണെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി തുടങ്ങിയവരും ദുരന്തത്തിൽ അനുശോചനം അറിയിച്ചു.