പാക്കിസ്ഥാനിലും അഫ്ഗാനിലും ഭൂകന്പം; 12 മരണം
Thursday, March 23, 2023 12:48 AM IST
ഇസ്ലാബാദ്: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 12 പേർ മരിച്ചു. മുന്നൂറോളം പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയാണ്.
പരിഭ്രാന്തരായ ജനം വീടുവിട്ടു പുറത്തേയ്ക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്തു. ഭൂകന്പത്തെത്തുടർന്ന് റാവൽപിണ്ടി മാർക്കറ്റിൽ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂകന്പത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു.
പാക്കിസ്ഥാനിൽ ഒന്പതുപേരും അഫ്ഗാനിസ്ഥാനിൽ മൂന്നുപേരുമാണു മരിച്ചത്. അഫ്ഗാനിസ്ഥാനോട് അതിർത്തി പങ്കിടുന്ന ഖൈബർ പക്തുൺഖ്വ പ്രവിശ്യയിലാണ് ഏറ്റവുമധികം ദുരന്തമുണ്ടായത്. ഭൂകന്പത്തെത്തുടർന്ന് ഹൃദയാഘാതമുണ്ടായ രണ്ടുപേർ മരിച്ചു.
ഭൂകന്പസാധ്യതയുള്ള രാജ്യമാണ് പാക്കിസ്ഥാൻ. 2005ൽ രാജ്യത്തുണ്ടായ ഭൂകന്പത്തിൽ 74,000 പേർ മരിച്ചു.