പലസ്തീൻ തീവ്രവാദികൾക്കെതിരേ കടുത്ത നടപടിക്ക് ഇസ്രയേൽ
Monday, January 30, 2023 2:46 AM IST
ജറുസലേം: പലസ്തീൻ തീവ്രവാദികൾക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജൂത കുടിയേറ്റം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നെതന്യാഹു ശനിയാഴ്ച രാത്രി നടത്തിയത്.
തീവ്രവാദികളുടെ കുടുംബാംഗങ്ങളുടെ പൗരത്വവും താമസവും റദ്ദാക്കുന്നതും പരിഗണനയിലാണ്. വെള്ളിയാഴ്ച രാത്രി കിഴക്കൻ ജറുസലേമിലെ സിനഗോഗിനു വെളിയിൽ പലസ്തീൻ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ ഏഴ് ഇസ്രേലികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു കടുത്ത നടപടിക്കൊരുങ്ങുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കാനിരിക്കേയാണ് നെതനാഹ്യൂവിന്റെ പ്രഖ്യാപനമുണ്ടായത്. അതേസമയം,വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രേലി കുടിയേറ്റത്തെ ബൈഡൻ ഭരണകൂടം എതിർക്കുന്നു.
ഏഴ് ഇസ്രേലികളെ കൊലപ്പെടുത്തിയ തീവ്രവാദിയുടെ കിഴക്കൻ ജറുസലേമിലെ വീട് ഇന്നലെ ഇസ്രേലി പോലീസ് സീൽ ചെയ്തു. പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണു വീട് സീൽ ചെയ്തത്. ഇരുപത്തിയൊന്നുകാരനായ അക്രമിയെ സുരക്ഷാസേന വെടിവച്ചു കൊന്നിരുന്നു.