കുർദ് മേഖലകളിൽ തുർക്കിയുടെ ആക്രമണം
Monday, November 21, 2022 12:19 AM IST
അങ്കാറ: തുർക്കി വ്യോമസേന ഇന്നലെ സിറിയയിലെയും തുർക്കിയിലെയും കുർദ് മേഖലകളിൽ ആക്രമണം നടത്തി. ഒരാഴ്ച മുന്പ് ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിനുള്ള പ്രതികാരമാണിതെന്നു തുർക്കി പ്രതിരോധമന്ത്രാലയം പറഞ്ഞു. ആറു പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടത്തിയതു കുർദുകളുടെ നിരോധിത തീവ്രവാദ സംഘടനയായ പികെകെ ആണെന്നാണു തുർക്കി അവകാശപ്പെടുന്നത്. പികെകെ ഇതു സമ്മതിച്ചിട്ടില്ല.
സിറിയയിലെ കൊബേൻ നഗരത്തിലും ജനനിബിഡമായ രണ്ടു ഗ്രാമങ്ങളിലുമാണ് ആക്രമണം നടന്നത്. ഒട്ടനവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാക്കിൽ എവിടെയാണ് ആക്രമണം നടത്തിയെന്നതിൽ വ്യക്തതയില്ല.തെക്കുകിഴക്കൻ തുർക്കിയിൽ കുർദുകൾക്കു സ്വയംഭരണാവകാശം ലഭിക്കുന്നതിനായി തീവ്രവാദികൾ പതിറ്റാണ്ടുകളായി തുർക്കി സർക്കാരുമായി പോരാട്ടത്തിലാണ്.