ഷീക്കെതിരേ അട്ടിമറിനീക്കം നടക്കുന്നതായി അഭ്യൂഹം
Saturday, September 24, 2022 11:42 PM IST
ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനും ചൈനീസ് പ്രസിഡന്റുമായ ഷീ ചിൻപിംഗിനെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) മേധാവി സ്ഥാനത്തുനിന്ന് നീക്കിയതായി സാമൂഹമാധ്യങ്ങളിൽ അഭ്യൂഹം പരക്കുന്നു.
സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഷീ പങ്കെടുത്തിരുന്നു. ഷീ വീട്ടുതടങ്കലിലാണെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചിട്ടില്ല.
ഷീ ചിൻപിംഗിനെ പിഎൽഎ മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്തതായും വീട്ടുതങ്കലിലാണെന്നും അഭ്യൂഹം പരക്കുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഷീ വീട്ടുതടങ്കലിലാണെന്ന് ചൈനീസ് പൗരന്മാരും ട്വിറ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിഎൽഎയുടെ നിയന്ത്രണം സൈന്യംതന്നെ ഏറ്റെടുത്തതായും ലീ ക്യുമിയോംഗ് ചൈനീസ് പ്രസിഡന്റ് പദമേറ്റെടുത്തായും വാർത്ത പ്രചരിക്കുന്നുണ്ട്. സെപ്റ്റംബർ 22ന് ബെയ്ജിംഗ് ലക്ഷ്യമാക്കി സൈനിക വാഹനവ്യൂഹം ഹ്യുവാൻലിയിൽനിന്നു പുറപ്പെട്ടതായും ചിലർ ട്വീറ്റ് ചെയ്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളെ പിഎൽഎ അധികാരസ്ഥാനത്തുനിന്നു നീക്കിയതായും പറയുന്നു. ചൈനയിൽ രണ്ട് മുൻ മന്ത്രിമാർക്കും നാല് സർക്കാർ ഉദ്യോഗസ്ഥർക്കും ഈയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതിവിരുദ്ധ പ്രചാരണം നടക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട ആറു പേരും ഷീയുടെ എതിരാളികളാണ്. ഷീ വീട്ടുതടങ്കലിലാണെന്ന് ഷീ വിരുദ്ധ പക്ഷമാണ് പ്രചാരണം നടത്തുന്നത്.
ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പങ്കെടുത്തിരുന്നു.