കൈക്കൂലി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് തടവുശിക്ഷ
Thursday, September 22, 2022 10:53 PM IST
ബെയ്ജിംഗ്: ചൈനയിൽ അഴിമതിനിരോധന നടപടികൾക്കു നേതൃത്വം നല്കിയിരുന്ന മുൻ നിയമമന്ത്രി ഫു ജെൻഹുവായെ കൈക്കൂലി കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചു.
1.47 കോടി ഡോളറിന്റെ കൈക്കൂലിയും പാരിതോഷികവും കൈപ്പറ്റിയതായി ഇദ്ദേഹം സമ്മതിച്ചിരുന്നു. വധശിക്ഷയാണു വിധിച്ചതെന്നും പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ പോലീസ് ഉദ്യോഗസ്ഥനായ ഫു 2018 മുതൽ 2020 വരെയാണ് നിയമമന്ത്രിയായിരുന്നത്. ഒട്ടേറെ പ്രമുഖരെ അഴിമതിക്കേസിൽ അകത്താക്കിയിരുന്നു. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിൽ ഫുവിനെതിരേ അന്വേഷണം ആരംഭിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ കമ്യൂണിസ്റ്റ് പാർട്ടി അറിയിക്കുകയായിരുന്നു.
ആഭ്യന്തരസുരക്ഷാ വകുപ്പിൽ ഉന്നത പദവികൾ വഹിച്ചിരുന്ന സൺ ലിജുൻ ഉൾപ്പെട്ട അഴിമതി സംഘത്തിൽ അംഗമായിരുന്നു ഫു. സംഘത്തിന്റെ ഭാഗമായിരുന്നു മൂന്നു പോലീസുകാർ നേരത്തേ ശിക്ഷിക്കപ്പെട്ടിരുന്നു. സൺ ശിക്ഷ കാത്തുകഴിയുകയാണ്.
അടുത്തമാസം ആരംഭിക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ശുദ്ധികലശത്തിന്റെ ഭാഗമാണ് ഇവർക്കെതിരായ നടപടിയെന്നു കരുതുന്നു. പാർട്ടി കോൺഗ്രസിൽ ഷി ചിൻപിംഗ് ചൈനീസ് പ്രസിഡന്റായി മൂന്നാം വട്ടവും സ്ഥാനം നിലനിർത്തും.