പ്രളയത്തെത്തുടർന്ന് പാക്കിസ്ഥാനിൽ ജലജന്യ രോഗങ്ങൾ പടരുന്നു
Monday, September 19, 2022 12:50 AM IST
ഇസ്ലാബാദ്: പാക്കിസ്ഥാനിൽ പ്രളയത്തെത്തുടർന്ന് ജലജന്യ രോഗങ്ങൾ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. ജനങ്ങളോടു ജാഗ്രത പുലർത്താൻ ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അഥാനോ ഗെബ്രെയേസുസ് നിർദേശിച്ചു. സിന്ധ് പ്രവിശ്യയിലാണു പ്രളയം ഏറ്റവുമധികം ബാധിച്ചത്. 1545 പേരാണു പ്രളയത്തിൽ മരിച്ചത്. 1.6 കോടി കുട്ടികളെ പ്രളയം ബാധിച്ചു.
ലോകാരോഗ്യ സംഘടന അടിയന്തര സഹായമായി ഒരു കോടി ഡോളർ പാക്കിസ്ഥാന് അനുവദിച്ചു. പ്രളയത്തെത്തുടർന്ന് പലയിടത്തും ജലവിതരണം തടസപ്പെട്ടിരുന്നു. പല പ്രദേശങ്ങളിലും ജനം മലിനജലമാണു കുടിക്കുന്നത്. കോളറയ്ക്കും മറ്റു രോഗങ്ങൾക്കും ഇതു കാരണമാകുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി.
സിന്ധ് പ്രവിശ്യയിൽ ജൂലൈ ഒന്നുമുതൽ വിവിധ മെഡിക്കൽ ക്യാന്പുകളിലായ 25 ലക്ഷം പേർക്ക് ചികിത്സ നല്കി. ഇതിൽ ആറു ലക്ഷത്തോളം പേർ ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങൾക്കാണു ചികിത്സ തേടിയത്. 5.34 ലക്ഷം പേർ അതിസാരത്തിനു പതിനായിരത്തിലേറെ പേർ മലേറിയയ്ക്കും ചികിത്സ തേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സ തേടിയ 90,308 പേരിൽ പതിനെണ്ണായിരത്തോളം പേർ അതിസാരം ബാധിച്ചവരാണ്. ഇരുപതിനായിരത്തോളം പേർ ത്വക്ക് രോഗത്തിനാണു ചികിത്സ തേടിയത്.