ലോകത്ത് 10 കോടി അഭയാർഥികൾ
Tuesday, May 24, 2022 3:32 AM IST
ബെർലിൻ: അക്രമം, മനുഷ്യാവകാശ ലംഘനം, പീഡനം എന്നിവയെത്തുടർന്നു പലായനം ചെയ്യേണ്ടിവന്നവരുടെ എണ്ണം 100 ദശലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസി. ആദ്യമായാണ് എണ്ണം 10 കോടി കടക്കുന്നത്.
യുക്രെയ്ൻ യുദ്ധമാണ് അഭയാർഥികളുടെ എണ്ണം ഇത്രയുമുയരാൻ കാരണമെന്ന് യുഎൻ റഫ്യൂജി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ നിർബന്ധിതമായി നാടു വിടേണ്ടിവന്നവരുടെ എണ്ണം 90 ദശലക്ഷം പിന്നിട്ടു. എത്യോപ്യ, ബുർക്കിനോ ഫാസോ, മ്യാൻമർ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളാണ് ഇതിനു പ്രധാന കാരണം.
റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്നിൽനിന്ന് 60 ലക്ഷം പേർക്ക് പലായനം ചെയ്യേണ്ടിവന്നു. 80 ലക്ഷം പേർ രാജ്യത്തിനകത്തുതന്നെ അഭയാർഥികളായെന്നും ഗ്രാൻഡി പറയുന്നു.