ഫ്രാൻസിൽ ദേവാലയ സുരക്ഷയ്ക്കു കൂടുതൽ ഫണ്ട്
Thursday, January 20, 2022 12:22 AM IST
പാരീസ്: ക്രിമിനൽ സ്വഭാവമുള്ള ആക്രമണങ്ങളിൽനിന്നു ക്രൈസ്തവ ദേവാലയങ്ങളെ സംരക്ഷിക്കാൻ 40 ലക്ഷം യൂറോ നീക്കിവച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനൻ പ്രസ്താവിച്ചു. പള്ളികൾക്കു ചുറ്റും ഇലക്ട്രോണിക് സംരക്ഷണകവചം ഒരുക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
കുറ്റവാളികളെ കണ്ടെത്തുന്നതിനും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും ഇതു സഹായിക്കുമെന്നു വാർത്ത റിപ്പോർട്ട് ചെയ്ത ലാ ക്രവ ദിനപത്രം ചൂണ്ടിക്കാട്ടി. ഫ്രഞ്ച് ബിഷപ് കോണ്‍ഫ്രൻസിന്റെ വക്താവും സെക്രട്ടറിയുമായ ഹ്യൂഗ് ദെ വൊള്ളെമോ സർക്കാരിനു നന്ദി പറയുകയും പള്ളികൾ പകൽ മുഴുവൻ തുറന്നിടാൻ സഹായം അഭ്യർഥിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ചും കത്തോലിക്കാ ദേവാലയങ്ങൾ, ക്രിമിനൽ ആക്രമണങ്ങൾക്കു വിധേയമായിരുന്നു. ഈ വർഷാരംഭത്തിൽതന്നെ പാരീസിലെ സേൻ-സാന്ത്-ഡെനീസ് പ്രദേശത്തെ പള്ളികൾ പലതും ആക്രമിക്കപ്പെട്ടു.
പൊയിറ്റിയെ അതിരൂപതയിലെ പള്ളികളിലും അക്രമികൾ ജനുവരിയിൽ അഴിഞ്ഞാടി. പൗത്വാൻ പട്ടണത്തിലെ ഒരു പള്ളിയിൽ ആറു തിരുസ്വരൂപങ്ങൾ തകർക്കുകയും വിശുദ്ധരുടെ തിരുശേഷിപ്പുകളെ അപമാനിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഫ്രാൻസിൽ അസംഖ്യം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടതും തിരുക്കർമങ്ങൾ തടസപ്പെട്ടതും.