ചൈനയിലെ ജനനനിരക്ക് ഏറ്റവും താഴ്ന്നനിലയിൽ
Monday, January 17, 2022 11:41 PM IST
ഹോങ്കോംഗ്: ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ തുടർച്ചയായ അഞ്ചാം വർഷമാണ് രാജ്യത്തെ ജനനനിരക്ക് താഴുന്നത്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ 2021ൽ ജനിച്ചത് 1.06 കോടി കുഞ്ഞുങ്ങൾ മാത്രമാണെന്നുനാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പറയുന്നു. 1949നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞവർഷം ആയിരം പേർക്ക് 7.52 എന്ന തോതിലാണു ജനനം. ജനസംഖ്യ കുറയുന്നതു മറികടക്കാൻ മൂന്നു കുട്ടികൾ വരെയാകാമെന്ന നിയമത്തിനു കഴിഞ്ഞ ഓഗസ്റ്റിൽ ചൈന അംഗീകാരം നല്കിയിരുന്നു.
മരണസംഖ്യയും കഴിച്ചാൽ കഴിഞ്ഞവർഷം ജനസംഖ്യയിലുണ്ടായ വളർച്ച 480,000 മാത്രമാണ്. വളർച്ചാനിരക്ക് വെറും 0.034 ശതമാനം മാത്രം.
1959 മുതൽ 1961വരെയുള്ള കടുത്ത ക്ഷാമകാലത്തേക്കാൾ കുറവാണിത്. 2020നെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ചാനിരക്ക് 11.6 ശതമാനം കുറഞ്ഞു. 2020ൽ 1.2 കോടി കുഞ്ഞുങ്ങൾ ജനിച്ചിരുന്നു.