മ്യാൻമറിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
Wednesday, August 4, 2021 12:39 AM IST
യാങ്കോൺ: പടിഞ്ഞാറൻ മ്യാൻമറിൽ കത്തോലിക്കാ പുരോഹിതനെയും വേദപാഠ അധ്യാപകനെയും സായുധ പോരാളികൾ തട്ടിക്കൊണ്ടുപോയി. ചിൻ സംസ്ഥാനത്തെ ഹാഖാ രൂപതയിൽപ്പെട്ട അവർ ലേഡി ഓഫ് ദ റോസറി ഇടവക വികാരി ഫാ. നോയൽ ഹരാംഗ് തിൻ താംഗും ഒപ്പമുണ്ടായിരുന്നയാളുമാണു തട്ടിക്കൊണ്ടുപോകപ്പെട്ടത്. മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ്(സിഡിഎഫ്) ആണ് ഇതിനു പിന്നിൽ.
ജൂലൈ 26ന് ഫാ. നോയലും കൂട്ടാളിയും സുർഖ്വായിൽനിന്നു സംസ്ഥാന തലസ്ഥാനമായ ഹാഖായിലേക്കു പോകവേ ആയിരുന്നു സംഭവം. ഫാ. നോയൽ പട്ടാളഭരണകൂടത്തെ സഹായിക്കുന്നതായി സിഡിഎഫ് പോരാളികൾ ആരോപിക്കുന്നു. എന്നാൽ ഇതു തെറ്റാണെന്നു പ്രദേശവാസികൾ വ്യക്തമാക്കി.
സർക്കാർ സേനയും പട്ടാള ഭരണകൂടത്തെ എതിർക്കുന്നവരും തമ്മിൽ നടക്കുന്ന പോരാട്ടത്തിനിടെ വീടും കുടുംബവും ഉപേക്ഷിച്ച് ഓടിപ്പോയവർക്ക് ഫാ. നോയൽ സ്വന്തം ഇടവകയിൽ അഭയം നല്കിരുന്നു.
വൈദികനെ വിട്ടയയ്ക്കണമെന്നു ഹാഖാ ബിഷപ് ലൂസിയസ് അഭ്യർഥിച്ചു. വൈദികൻ ആരോഗ്യവാനാണെന്ന് സിഡിഎഫ് പോരാളികൾ തുടർന്നു വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ച പട്ടാളത്തിനെതിരേ മ്യാൻമറിലുടനീളം പോരാട്ടവും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്.