കാണ്ഡഹാറിൽ ഷെല്ലാക്രമണം; അഞ്ചു മരണം
Monday, August 2, 2021 12:35 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ ടാക്സി കാറിനു നേരേ മോർട്ടാർ ഷെൽ ആക്രമണം. ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് ജമാൽ നാസർ ബരേക്സാനി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭരണകൂടവും താലിബാനും പരസ്പരം പഴിചാരുകയാണു ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാറില്ല.
യുഎസ്, നാറ്റോ സേന പിൻമാറ്റം പ്രഖ്യാപിച്ചതോടെ താലിബാൻ പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥിലെ മൂന്നു പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
താലിബാന്റെ ശക്തികേന്ദ്രമായാണു കാണ്ഡഹാർ അറിയപ്പെടുന്നത്.
വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിനുനേർക്ക് താലിബാൻ ഭീകരർ റോക്കറ്റാക്രമണം നടത്തി. ശനിയാഴ്ച രാത്രി മൂന്നു റോക്കറ്റുകളാണു തൊടുത്തത്. റൺവേയ്ക്കു തകരാറുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പുലർച്ചെവരെ വിമാനസർവീസുകൾ നിർത്തിവച്ചു. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണിത്. യുഎസ് സേനാ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളും താലിബാൻ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.