കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ
Monday, February 22, 2021 11:59 PM IST
സിയൂർ: വിയറ്റ്നാമിലെ ഹാനോയിയിൽ നടന്ന ചർച്ചയ്ക്കുശേഷം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ.
മൂർച്ചയേറിയ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്ന ട്രംപും കിമ്മും നയതന്ത്രരംഗത്തെ ഞെട്ടിച്ചുകൊണ്ടാണു കൂടിക്കാഴ്ചയ്ക്കു തയാറായത്. ഹാനോയിലെ ചർച്ചയ്ക്കുശേഷം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ പ്യോംഗ്യാംഗിലെ വസതിയിൽ വിടാമെന്നു ട്രംപ് കിമ്മിനോട് പറഞ്ഞതായി ബിബിസി ഡോക്യുമെന്ററി പറയുന്നു.
ട്രംപിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഏഷ്യാ വിദഗ്ധൻ മാത്യു പൊട്ടിഞ്ജറാണ് ഇക്കാര്യം ബിബിസിയോടു പറഞ്ഞത്. ചൈനയിലൂടെ ട്രെയിൻ മാർഗം ദിവസങ്ങൾ സഞ്ചരിച്ചാണു കിം ചർച്ചയ്ക്കായി വിയറ്റ്നാമിലെത്തിയത്. രണ്ടു മണിക്കൂർകൊണ്ട് ഉത്തരകൊറിയയിൽ എത്തിക്കാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.