നഴ്സിംഗ് ഹോമിൽ വാതകച്ചോർച്ച; ഇറ്റലിയിൽ അഞ്ചു മരണം
Sunday, January 17, 2021 12:06 AM IST
മിലാൻ: ഇറ്റലിയിലെ മിലാനിൽ വിഷവാതകം ചോർന്ന് നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന അഞ്ചുപേർ മരിച്ചു. രണ്ട് ജീവനക്കാരുൾപ്പെടെ അഞ്ചുപേരെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർബൺ മോണോക്സൈഡ് ചോർന്നതാണ് അപകടകാരണം. മിലാനിലെ ലാനുവിയോയിലാണ് അപകടം. ശനിയാഴ്ച പുലർച്ചെ അന്തേവാസികളെയും ജീവനക്കാരെയും ബോധമറ്റ നിലയിൽ മറ്റൊരു ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു.
നഴ്സിംഗ് ഹോമിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അന്തേവാസികളെയും ജീവനക്കാരെയും കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പതിനൊന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് അത്യാഹിതം.