മതപരിവർത്തനം: ക്രൈസ്തവ സഹോദരിമാരെ പാക്കിസ്ഥാനിൽ കൊലപ്പെടുത്തി
Monday, January 11, 2021 12:08 AM IST
ലാഹോർ: ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ ലാഹോറിലെ വസ്ത്രനിർമാണ ഫാക്ടറിയിൽ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ടു ക്രിസ്ത്യൻ യുവതികളെ ഫാക്ടറി ഉടമയും സഹായിയും ചേർന്നു മാനഭംഗത്തിനിരയാക്കി കൊന്നു. ലാഹോറിലെ മഖൻ കോളനിയിൽ താമസിക്കുന്ന സാജിദ (28), ആബിദ (26) എന്നിവരെയാണ് ഫാക്ടറി ഉടമ മൊഹമ്മദ് നയീം ബട്ടും സൂപ്പർവൈസർ മൊഹമ്മദ് ഇംതിയാസും ചേർന്ന് കൊലപ്പെടുത്തിയത്.
മതപരിവർത്തനം നടത്താൻ നയീം ബട്ട് നിർബന്ധിച്ചിരുന്നതായി വിവാഹിതരായ സഹോദരിമാർ പലപ്പോഴും പരാതിപ്പെട്ടിരുന്നു. നവംബർ 26 നു സഹോദരിമാരെ കാണാതാവുകയായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഡിസംബർ 14നും ജനുവരി നാലിനും സഹോദരിമാരുടെ മൃതദേഹം ഓവുചാലിൽനിന്ന് കണ്ടെത്തുകയായിരുന്നു. നയീം ബട്ട് കുറ്റം സമ്മതിച്ചതായി ട്രിബ്യൂണ്‍ ദിനപത്രം റിപ്പോർട്ട് ചെയ്തു.