കോവിഡിനെതിരേ പോരാട്ടംതുടരും: ലോകാരോഗ്യ സംഘടന
Wednesday, May 20, 2020 12:21 AM IST
ജനീവ: കോവിഡിനെതിരേയുള്ള പോരാട്ടം ലോകാരോഗ്യസംഘടന തുടരുമെന്നു പ്രസിഡന്റ് ടെഡ്രോസ് അറിയിച്ചു. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചും ഇതിനെ നേരിടുന്നതിന് എടുത്ത നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന് നിർദേശിക്കുന്ന പ്രമേയം ഇന്നലെ സമാപിച്ച ലോക ആരോഗ്യ അസംബ്ളി ഐകകണ്ഠ്യേന അംഗീകരിച്ചു.
ചൈനയുടെ പാവയായി മാറിയ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിർത്തലാക്കുമെന്നും സംഘടനയുമായി ബന്ധം വിച്ഛേദിക്കുമെന്നും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ട്രംപ് ടെഡ്രോസിനു കത്തയച്ചിരുന്നു. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെക്കുറിച്ച് യഥാസമയം ചൈന വിവരം അറിയിച്ചില്ല. ലോകാരോഗ്യ സംഘടനയും ചൈനയോടു മൃദുസമീപനം സ്വീകരിച്ചു. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാത്ത സംഘടനയ്ക്കുവേണ്ടി നികുതിദായകരുടെ പണം ചെലവഴിക്കാനാവില്ലെന്നു ടെഡ്രോസിനുള്ള കത്തിൽ ട്രംപ് മുന്നറിയിപ്പു നൽകി. മുപ്പതുദിവസത്തിനകം വേണ്ട നടപടികൾ സ്വീകരിക്കാത്തപക്ഷം ബന്ധം വിച്ഛേദിക്കുമെന്നും വ്യക്തമാക്കിയിരുന്നു.