ജർമനിയിൽ കാർണിവൽ പരേഡിലേക്ക് കാർ പാഞ്ഞുകയറി, 30 പേർക്കു പരിക്കേറ്റു
Tuesday, February 25, 2020 12:08 AM IST
ബർലിൻ: ജർമനിയിലെ വോൾക്സ് മാർസൻ പട്ടണത്തിൽ കാർണിവൽ പരേഡിലേക്ക് കാർ പാഞ്ഞുകയറിയതിനെത്തുടർന്നു കുറഞ്ഞത് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇത് അപകടമാണോ മനപ്പൂർവമുള്ള ആക്രമണമാണോ എന്നു പറയാറായിട്ടില്ലെന്ന നിലപാടിലാണു പോലീസ്.
കാർ ഓടിച്ചുകയറ്റിയ ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്തു. ജർമനിയിലെ ഹെസെ സ്റ്റേറ്റിലെ എല്ലാ കാർണിവൽ പരേഡുകളും മുൻകരുതലെന്ന നിലയിൽ നിർത്തിവയ്ക്കാൻ പോലീസ് നിർദേശിച്ചു.
ഹെസെ സ്റ്റേറ്റിലെ ഹനാവുനഗരത്തിൽ ബുധനാഴ്ചയുണ്ടായ വെടിവയ്പിൽ പത്തുപേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുന്പാണ് വോൾക്സ് മാർസനിൽ പരേഡിനു നേർക്ക് കാർ പാഞ്ഞുകയറിയത്. 2016ൽ ബർലിൻ ക്രിസ്മസ് മാർക്കറ്റിൽ ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചകയറ്റിയ സംഭവത്തിൽ 12 പേർക്കു ജീവഹാനി നേരിടുകയുണ്ടായി.