ബ്രെക്സിറ്റ് ബില്ലിൽ രാജ്ഞി ഒപ്പുവച്ചു
Thursday, January 23, 2020 10:56 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിടുതൽ നേടുന്നതു സംബന്ധിച്ച ബിൽ(ബ്രെക്സിറ്റ്) പാർലമെന്റ് ബുധനാഴ്ച പാസാക്കി. നേരത്തെ കോമൺസ് അംഗീകരിച്ച ബില്ലിനു പ്രഭുസഭ നിർദേശിച്ച ഭേദഗതികൾ മുഴുവൻ തള്ളിക്കൊണ്ടാണ് ബിൽ അന്തിമമായി അംഗീകരിച്ചത്. എലിസബത്ത് രാജ്ഞി ഇന്നലെ ഒപ്പുവച്ചതോടെ ബിൽ നിയമമായി.
ഈ മാസം 31നു തന്നെ ഇയുവിൽനിന്നു ബ്രിട്ടനു വിട്ടുപോരാനാവുമെന്നാണു പ്രതീക്ഷ. ഇതിനു മുന്പായി യൂറോപ്യൻ പാർലമെന്റ് സമ്മേളിച്ച് ബില്ലിന് അംഗീകാരം നൽകും. ബ്രെക്സിറ്റ് ബിൽ ഫിനിഷിംഗ് ലൈൻ കടക്കില്ലെന്ന് ചില ഘട്ടങ്ങളിൽ തോന്നിപ്പോയി. എന്നാൽ നാം അതു സാധിച്ചു-ബിൽ പാസായ വിവരം പങ്കുവച്ച് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു.
അടുത്ത വെള്ളിയാഴ്ച രാത്രി 11ന് ഇയു വിടുന്ന ബ്രിട്ടൻ ഫെബ്രുവരി ഒന്നുമുതൽ 11 മാസത്തെ പരിവർത്തന ഘട്ടത്തിലേക്കു പ്രവേശിക്കും. 2021 ജനുവരി ഒന്നിന് പരിവർത്തനഘട്ടം അവസാനിക്കുന്നതോടെ ഇയുവും ബ്രിട്ടനും തമ്മിലുള്ള ഭാവി വാണിജ്യബന്ധം സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താനാവുമെന്നു കരുതുന്നു.
2016ലെ ഹിതപരിശോധയിൽ ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതി. എന്നാൽ കരാർ പാർലമെന്റിൽ പാസാക്കാൻ തെരേസാ മേയുടെ ന്യൂനപക്ഷ സർക്കാരിനു സാധിച്ചില്ല. ബ്രെക്സിറ്റ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത് ഡിസംബറിൽ പ്രധാനമന്ത്രി ജോൺസൺ തെരഞ്ഞെടുപ്പിനെ നേരിടുകയും 80 സീറ്റിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തതോടെ സ്ഥിതിഗതികൾ മാറുകയായിരുന്നു.