ട്രംപും ഗ്രേറ്റയും ദാവോസിൽ നേർക്കുനേർ
Tuesday, January 21, 2020 11:46 PM IST
ദാവോസ്: ഫോസിൽ ഇന്ധനങ്ങൾ കത്തിച്ച് കാർബൺ നിർഗമനം വർധിപ്പിക്കുന്നത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാതെ ലോകനേതാക്കൾ അനങ്ങാപ്പാറ നയം കൈക്കൊള്ളുകയാണെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയും സ്കൂൾ വിദ്യാർഥിനിയുമായ ഗ്രേറ്റാ തുൻബർഗ് ആരോപിച്ചു.
സ്വിസ് റിസോർട്ട് നഗരമായ ദാവോസിൽ ലോകസാന്പത്തിക ഫോറം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പൊള്ളയായ വാക്കുകളും വാഗ്ദാനങ്ങളും നൽകി ഒന്നും ചെയ്യാതിരിക്കുന്ന രാഷ്ട്രീയക്കാരെയും ബിസിനസ് പ്രമുഖരെയും ഗ്രേറ്റാ ശകാരിച്ചു.
ഇതേസമയം, സമ്മേളനത്തെ അഭിസംബോധന ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാശത്തിന്റെ പ്രവാചകരെ അപലപിച്ചു. ഗ്രേറ്റയെ അദ്ദേഹം പേരെടുത്തു പറഞ്ഞില്ല.
ശുഭാപ്തി വിശ്വാസമാണ് ഇപ്പോൾ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണകൂടം സന്പദ് മേഖലയിൽ കൈവരിച്ച നേട്ടങ്ങളെയും ഊർജരംഗത്തുണ്ടായ കുതിച്ചുചാട്ടത്തെയും ട്രംപ് എടുത്തു പറഞ്ഞു.
അധികാരം ചെലുത്താനും നമ്മുടെയൊക്കെ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും നിയന്ത്രണം കൈയാളാനുമാണ് നാശം പ്രവചിച്ച് ജനത്തെ പേടിപ്പിക്കുന്നവരുടെ ശ്രമം. പോയകാലത്തെ ഭാഗ്യപ്രവാചകരുടെ പിൻഗാമികളാണ് ഇത്തരക്കാരെന്നും അദ്ദേഹം ആക്ഷേപിച്ചു.
യുഎസ് സെനറ്റ് ട്രംപിനെതിരേ ഇംപീച്ചുമെന്റ് വിചാരണയ്ക്കു തുടക്കം കുറിക്കുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് അദ്ദേഹം ദാവോസിലെത്തിയത്.
ഇംപീച്ച് മെന്റ് ഒരിടത്തും എത്തില്ലെന്നും വെറുംതട്ടിപ്പാണെന്നും ദാവോസിൽ ഇയു കമ്മീഷൻ പ്രസിഡന്റ് ഉർസുലാ വോൺഡെയറുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പായി അദ്ദേഹം പറഞ്ഞു.