കർത്താർപുർ ഇടനാഴി നവംബർ ഒന്പതിനു തുറക്കും: പാക്കിസ്ഥാൻ
Tuesday, September 17, 2019 12:31 AM IST
ലാഹോർ: ഇന്ത്യയിൽനിന്നുള്ള സിക്ക് തീർഥാടകർക്കായി കർത്താർപുർ ഇടനാഴി നവംബർ ഒന്പതിനു തുറന്നു കൊടുക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. വിദേശത്തുനിന്ന് അടക്കമുള്ള മാധ്യമപ്രവർത്തകർ പദ്ധതിമേഖല സന്ദർശിക്കവേ പ്രൊജക്ട് ഡയറക്ടർ ആതിഫ് മദീദ് ആണ് ഇക്കാര്യം അറിയിച്ചത്. 86 ശതമാനം പണി പൂർത്തിയായെന്നും ശേഷിക്കുന്നത് അടുത്തമാസം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീസരഹിത തീർഥാടനത്തിനുള്ള കർത്താർപുർ ഇടനാഴി ഇന്ത്യൻ പഞ്ചാബിലെ ദേര ബാബ നാനാക് പുണ്യകേന്ദ്രത്തെയും പാക്കിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്നു. പ്രതിദിനം 5,000 ഇന്ത്യൻ തീർഥാടകർക്ക് അനുമതി നല്കുമെന്ന് പാക്കിസ്ഥാൻ മുന്പ് അറിയിച്ചിരുന്നു.