റെഡ്ക്രോസിനു താലിബാന്റെ ക്ഷണം
Monday, September 16, 2019 12:21 AM IST
മോസ്കോ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം പുനരാരംഭിക്കാൻ അന്തർദേശീയ റെഡ്ക്രോസ് സംഘടനയ്ക്ക് താലിബാന്റെ ക്ഷണം.
കഴിഞ്ഞ ഏപ്രിൽ 13ന് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കിയെന്ന് താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. യുദ്ധത്തടവുകാർക്കും യുദ്ധക്കെടുതിക്ക് ഇരയായവർക്കും സഹായം നൽകി മുപ്പതു വർഷമായി റെഡ്ക്രോസ് അഫ്ഗാനിസ്ഥാനിലുണ്ട്.
അഫ്ഗാൻ സർക്കാരിനെ മറികടന്ന് സംഘടനയ്ക്ക് എതിരേ താലിബാൻ നടപടിയെടുക്കുകയായിരുന്നു. ഖത്തറിലെ ദോഹയിൽ റെഡ്ക്രോസ് പ്രതിനിധികളും താലിബാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു വീണ്ടും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ റെഡ്ക്രോസിന് അവസരം കിട്ടുന്നത്.