ഇന്തോനേഷ്യൻ മഴക്കാടുകൾ വെന്തെരിയുന്നു
Thursday, September 12, 2019 11:50 PM IST
ജക്കാർത്ത: ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ തീപിടിത്തം തുടരുന്നതിനിടെ ഇന്തോനേഷ്യയിലും മഴക്കാടുകൾ വെന്തെരിയുന്നു. സുമാട്രയിലും ബോർണിയോയിലും ഏക്കറുകണക്കിനു മഴക്കാടുകൾ തീപിടിച്ചു നശിക്കുകയാണ്.
കൃഷിഭൂമി തയാറാക്കാനായി പലേടത്തും കാടുകൾക്കു തീയിട്ടെന്ന് ആരോപണമുണ്ട്. ഇന്തോനേഷ്യയിലും സമീപരാജ്യമായ മലേഷ്യയിലും അന്തരീക്ഷ മലിനീകരണം വർധിച്ചു. ആകാശം പുക കൊണ്ടു മൂടിയിരിക്കുകയാണ്.
ഇന്തോനേഷ്യയിലെ ബോർണിയോ സ്റ്റേറ്റിൽ ഒന്പതു ജില്ലകളിലായി 400 സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ശ്വാസകോശ രോഗങ്ങൾ വ്യാപകമായി. ജനങ്ങളോടു മാസ്ക് ധരിക്കാൻ സുമാത്രയിലെ ജാംബി പ്രവിശ്യാ മേയർ സ്യാരിഫ് ഫാഷാ നിർദേശിച്ചു. കൃത്രിമ മഴ പെയ്യിക്കാൻ നടപടി എടുത്തുവരികയാണെന്ന് മലേഷ്യൻ അധികൃതർ പറഞ്ഞു.