പുതിയ മിസൈൽ നിർമിക്കുമെന്നു പുടിൻ
Saturday, August 24, 2019 12:14 AM IST
മോസ്കോ: ശീതയുദ്ധകാലത്തെ ഐഎൻഎഫ് കരാറിൽ നിന്നു പിൻവാങ്ങിയശേഷം നിരോധിത മിസൈൽ പരീക്ഷിച്ച യുഎസിന് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ബദൽ മിസൈൽ നിർമിക്കാൻ റഷ്യൻ സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ആണവശേഷിയുള്ള ടോമോഹാക് ക്രൂസ് മിസൈൽ അമേരിക്ക പരീക്ഷിച്ചത്.
യൂറോപ്പിൽ ഇതു വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്ന് ആരോപിച്ച പുടിൻ റഷ്യൻ അതിർത്തിയോടു ചേർന്നുള്ള വിന്യാസം തങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുമെന്നു ചൂണ്ടിക്കാട്ടി. യുഎസ് നടപടി മൂലമുള്ള ഭീഷണി എന്തുമാത്രമെന്നു കണക്കാക്കി ഉചിതമായ ബദൽ നടപടി എടുക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്നു പുടിൻ അറിയിച്ചു. 500മുതൽ 5500 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ,ആണവേതര മിസൈലുകളുടെ പരീക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ഐഎൻഎഫ് കരാറിൽ 1987ലാണ് റോണൾഡ് റേയ്ഗനും മിഖായൽ ഗോർബച്ചോവും ഒപ്പുവച്ചത്.