ബ്രെക്സിറ്റ് കരാർ തിരുത്തിയെഴുതാൻ സമയമില്ലെന്നു മക്രോൺ
Thursday, August 22, 2019 11:54 PM IST
പാരീസ്: ബ്രെക്സിറ്റ് കരാർ പൂർണമായി തിരുത്തിയെഴുതാൻ ഇനി സമയമില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ. പാരീസിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസനുമായുള്ള ചർച്ചയിലാണ് മക്രോൺ നിലപാടു വ്യക്തമാക്കിയത്. ബർലിനിൽ ചാൻസലർ ആംഗല മെർക്കലുമായി സംഭാഷണം നടത്തിയ ശേഷമാണു ജോൺസൻ പാരീസിലെത്തിയത്.
ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനാണ് ജോൺസന്റെ പദ്ധതി. ഇതിനുമുന്പ് പുതിയ കരാർ സാധ്യമാണെന്നു ജോൺസൻ പറഞ്ഞു.
പുതിയ നിർദേശങ്ങൾ ഉണ്ടെങ്കിൽ ഒരു മാസത്തിനകം സമർപ്പിക്കാൻ ജോൺസനോട് മക്രോൺ പറഞ്ഞു. എെറിഷ് ബാക്സ്റ്റോപ് പോലുള്ള പ്രശ്നങ്ങളിൽ നീക്കുപോക്കു സാധ്യമല്ല.
ബ്രിട്ടന്റെ ഭാവി ജോൺസന്റെ കരങ്ങളിലാണെന്നു പറഞ്ഞ മക്രോൺ കരാറില്ലാതെയുള്ള ബ്രെക്സിറ്റിനെ യൂറോപ്യൻ യൂണിയൻ അനുകൂലിക്കില്ലെന്നു വ്യക്തമാക്കി. എന്നാൽ അത്തരമൊരു സ്ഥിതിവിശേഷം സംജാതമായാൽ അതിനു തയാറാണെന്നും മക്രോൺ കൂട്ടിച്ചേർത്തു.