ബംഗളൂരുവിലും ഡൽഹിയിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി/ബംഗളൂരു: വിദ്യാർഥികളിലും മാതാപിതാക്കളിലും പരിഭ്രാന്തി വിതച്ച് ഡൽഹിയിലും ബംഗളൂരുവിലും സ്കൂളുകൾക്കുനേരേ വീണ്ടും ബോംബ് ഭീഷണി.
അൻപതോളം സ്കൂളു കൾക്കാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. ഇതേത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി ഭീഷണികൾ വ്യാജമാണെന്ന് അറിയിച്ചു.
ഈയാഴ്ച നാലാം തവണയാണ് ഡൽഹിയിലെ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.
"സ്കൂളിനുള്ളിൽ ബോംബുകൾ’എന്നു ചൂണ്ടിക്കാട്ടി രാവിലെ 7.24ന് roadkill333@atomic mail.io എന്ന ഇ-മെയിലിൽനിന്നാണ് ബംഗളൂരുവിലെ അന്പതോളം സ്കൂളുകളിലേക്ക് ഇ-മെയിൽ സന്ദേശമെത്തിയത്. ക്ലാസ് മുറികളിൽ നിരവധി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു മെസേജിലെ മുന്നറിയിപ്പ്.
തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി പരിശോധന നടത്തിയെങ്കിലും ഇമെയിൽ സന്ദേശം വ്യാജമാണെന്നു തെളിയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പോലീസിനു നിർദേശം നൽകി.